Thursday, October 27, 2011

ശാലിനി







ഒന്നുമെനിയ്ക്കുവേ, ണ്ടാ മൃദുചിത്തത്തി-
ലെന്നെക്കുറിച്ചുള്ളൊരോർമ്മമാത്രം മതി.
മായരുതാത്തളിർച്ചുണ്ടിലൊരിയ്ക്കലും
മാമകചിത്തംകവർന്നൊരാസ്സുസ്മിതം.
താവകോൽക്കർഷത്തിനെൻജീവരക്തമാ-
ണാവശ്യമെങ്കി, ലെടുത്തുകൊള്ളൂ, ഭവാൻ.
എങ്കിലുമങ്ങതൻ പ്രേമസംശുദ്ധിയിൽ
ശങ്കയുണ്ടാകില്ലെനിയ്ക്കൽപമെങ്കിലും.
ആയിരമംഗനമാരൊത്തുചേർന്നെഴു-
മാലവാലത്തിൻ നടുക്കങ്ങു നിൽക്കിലും,
ഞാനസൂയപ്പെടി, ല്ലെന്റെയാണാ മുഗ്ദ്ധ-
ഗാനാർദ്രചിത്ത, മെനിയ്ക്കറിയാം, വിഭോ!
അന്യ, രസൂയയാ, ലേറ്റം വികൃതമാ-
യങ്ങതൻ ചിത്രം വരച്ചുകാണിയ്ക്കിലും,
കാണുമെന്നല്ലാ, തതിൻ പങ്കമൽപമെൻ-
പ്രാണനിലൊട്ടിപ്പിടിയ്ക്കില്ലൊരിക്കലും!
കാണും പലതും പറയുവാനാളുകൾ
ഞാനൊരാളല്ലാതറിവതില്ലങ്ങയെ;
അന്ധോക്തികളെ പ്രമാണമാക്കിക്കൊണ്ടു
സിന്ധുരബോധം പുലർത്തുവോളല്ല ഞാൻ.
ദു:ഖത്തിനല്ല ഞാനർപ്പിച്ചതങ്ങേയ്ക്കു
നിഷ്കളങ്കപ്രേമസാന്ദ്രമാമെന്മനം.
താവകോൽക്കർഷത്തിനാലംബമാവണം
പാവനപ്രേമാർദ്രമെൻ ഹൃദയാർപ്പണം.
ഒന്നും പ്രതിഫലം വേണ്ടെനി, യ്ക്കാ മഞ്ജൂ
മന്ദസ്മിതം കണ്ടു കൺകുളിർത്താൽ മതി!!

0 comments: